Tuesday, 28 May 2013

ദൈവീക കരുണ

                              നമ്മുടെ  ദൈവം മനസ്സളിവുള്ളവനും, കരുണാ സമ്പന്നനും,  കൃപ നിറഞ്ഞവനും, ദീർഘക്ഷമയും, ദയാസമൃദ്ധിയും  ഉള്ളവനും, വിശ്വസ്തനുമാണ്‌. എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവീകകരുണയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. ദൈവം എല്ലാവർക്കും നല്ലവനായിരിക്കുന്നു. അവന്റെ ദയ സകല സൃഷ്ടിയുടെ മേലുമുണ്ട്‌. എല്ലാവർക്കും മറുവിലയായി തന്റെ പ്രാണനെ നൽകുവാൻ ഭൂമിയിലേക്ക്‌ വന്ന യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ കരുണ പ്രദർശിപ്പിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തോടുള്ള തന്റെ സ്നേഹത്തിൽ നിന്നാണ് ദൈവത്തിന്റെ കരുണ പ്രസരിക്കുന്നത്. വേദപുസ്തകം പറയുന്നു, "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാൻ:3:16). താൻ സൃഷ്‌ടിച്ച ഓരോ വ്യക്തിയെയും ദൈവം സ്നേഹിക്കുന്നു.

                       ഓരോ  പാപിയെയും  അവന്റെ/ അവളുടെ പാപത്തെയും  തമ്മിൽ ദൈവത്തിന്റെ കരുണ വേർതിരിക്കുന്നു. ദൈവം പാപത്തെ വേറുക്കുന്നുവെങ്കിലും പാപിയെ സ്നേഹിക്കുന്നു. ആ വ്യക്തിയോടുള്ള തന്റെ ദയ  നിലനില്ക്കുകയും ചെയ്യുന്നു. ഒരിക്കൽ  യേശുവിന്റെ പ്രവർത്തിയെ പരീക്ഷിക്കേണ്ടതിന് , പരീശന്മാരും ശാസ്ത്രിമാരും ചേർന്ന് വ്യഭിചാരകുറ്റത്തിന് പിടിക്കപെട്ട ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ കൊണ്ട് വന്നു . എന്നാൽ യേശു അവളെ കുറ്റം വിധിക്കുന്നതിനു പകരം, "പോക, ഇനി പാപം ചെയ്യരുത്" എന്ന് അരുളിച്ചെയ്ത ശേഷം വിട്ടയച്ചു. ഒരുപക്ഷേ, അവൾ  തന്റെ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മാധുര്യമേറിയ വാക്കുകൾ അതായിരിക്കാം. യേശുവിന്റെ മഹാമനസ്കതയേയും കരുണയേയും ഈ സംഭവം വ്യക്തമാക്കുന്നു. നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു  പോയിട്ടില്ലല്ലോ.

                        കരുണാസമ്പന്നനായ ദൈവം  അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു. യഹോവയുടെ ദയ എന്നുമെന്നേക്കും തന്റെ ഭക്തന്മാരുടെ മേൽ ഉണ്ടാകും. ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. ദൈവം മനസ്സലിവുള്ളവനും കരുണാസമ്പന്നനുമാണെന്ന് ഇയ്യോബിന്റെ പുസ്തകം തെളിയിക്കുന്നു. യിരമ്യാവിന്റെ പുസ്തകത്തിൽ ദൈവം പിന്മാറ്റകാരായ യിസ്രായേല്യരോട്, "ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല " എന്ന്  അരുളിചെയ്തതായി  വേദപുസ്തകം പ്രസ്താവിക്കുന്നു. ദൈവം, തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. നിശ്ചയമായും, നന്മയും കരുണയും നമ്മുടെ ആയുഷ്കാലമൊക്കെയും നമ്മെ പിന്തുടരും. അതെ, നമ്മുടെ ദൈവം കാരുണ്യവാനും, ദയാനിധിയും, ദീർഘക്ഷമയുള്ളവനും, വിശുദ്ധനും, മനസ്സലിവുള്ളവനും, മഹാമനസ്കനും, സർവ്വവ്യാപിയും, സർവ്വശക്തനുമാണ്.

                                    എത്ര ശ്രേഷ്ഠനായ ദൈവത്തെയാണ് നാം സേവിക്കുന്നത്!



~ ഡോ.ഫ്ലോറൻസ് ഐസക്ക് 


 
പരിഭാഷ: വിജിത റോബിൻസൻ

Monday, 20 May 2013

നന്മ ചെയ്‌വാൻ ഉത്സാഹിപ്പിൻ


      വേദപുസ്തകം പറയുന്നു, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി  കൂടി വ്യാപരിക്കുന്നു എന്നു  നാം അറിയുന്നു." (റോമർ:8:23 ).
        'നന്മ' എന്ന വാക്കിനു നല്ല ഗുണം, പുണ്യം, മംഗളം, ക്ഷേമം, പ്രയോജനം എന്നീ  അർത്ഥങ്ങൾ  ഉണ്ട്. ദൈവം തൻറെ  മക്കൾക്ക്‌  നന്മയല്ലാതൊന്നും ചെയ്യുന്നില്ല. സങ്കീർത്തനങ്ങൾ:23 ന്റെ 6-ൽ  ദാവിദ് പറയുന്നു, "നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ  പിന്തുടരും". ദൈവവും അതാണാഗ്രഹിക്കുന്നത്. ദൈവം നമുക്ക് നന്മ ചെയ്യുമ്പോൾ നമുക്ക് ചുറ്റുമുള്ളവർക്ക് നാമും നന്മ ചെയ്യേണം.
      'നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന (പ്രീതി ) സമ്പാദിക്കുന്നു" (സദൃശ്യവാക്യങ്ങൾ:11:27) എന്ന് ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി നാം പ്രവർത്തിച്ചാൽ അവരിൽ നിന്നും പ്രീതി ലഭിക്കുന്നതിനു പുറമേ നമുക്ക് സംതൃപ്തിയും സമാധാനവും കൈവരിക്കുവാൻ സാധിക്കും. നാം മുഖാന്തിരം വേറൊരു വ്യക്തിക്കും എന്തെങ്കിലും പ്രയോജനമുണ്ടായാൽ അത് ദൈവനാമം മഹത്വപെടുന്നതിനു ഇടയാകും. അപ്പൊസ്തലനായ പൗലോസ്‌ തെസ്സലൊനീക്യർക്കു ലേഖനം എഴുതുമ്പോൾ അവിടെ പറഞ്ഞിരിക്കുന്നത്, "നിങ്ങളോ സഹോദരന്മാരേ നന്മ ചെയ്യുന്നതിൽ തളർന്നു പോകരുത് " (2.തെസ്സലൊനീക്യർ:3:13) എന്നത്രേ. നാം ഒരാൾക്ക് ഒരു നന്മ ചെയ്‌താൽ മതി, ഞാൻ ചെയ്തു കഴിഞ്ഞു, എന്ന വിചാരത്താൽ കഴിയരുത്‌ എന്ന് നമ്മെ ഓർമിപ്പിക്കുകയാണ് പൌലൊസിവിടെ. വീണ്ടും, താൻ ഗലാത്യർക്ക് എഴുതുമ്പോൾ അവിടെയും  പറഞ്ഞിരിക്കുന്നത്, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നു പോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. ആകയാൽ  അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ  ചെയ്ക." (ഗലാത്യർ:6:9,10 ). ഇവിടെ നാം കാണുന്നത് എല്ലാവർക്കും നന്മ ചെയ്യേണം എന്ന പ്രസ്താവനയാണ്; പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്ന കാര്യം 'സഹവിശ്വാസികൾക്ക് നന്മ  ചെയ്യേണം' എന്നതാണ്. നമ്മിൽ  പലരും വിചാരിക്കും ' സഹാവിശ്വാസികൾക്ക് നന്മ  ചെയ്യേണ്ട ആവശ്യമുണ്ടോ? അവർ പ്രാർത്ഥിച്ചു ദൈവത്തിൽ നിന്നു  വാങ്ങിയാൽ പോരേ?'. ഈ ചിന്ത  നമ്മിൽ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ടാണ് അപ്പോസ്തലൻ   പ്രത്യേകo  അത് അവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. 
               സദൃശ്യവാക്യങ്ങളിൽ നാം കാണുന്നു, "നന്മ ചെയ്വാൻ  നിനക്ക്  പ്രാപ്തിയുള്ളപ്പോൾ അതിനു യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്." (സദൃശ്യവാക്യങ്ങൾ:3:27 ). അതിൽ  നിന്നും മനസ്സിലാക്കാവുന്നത് നന്മ  അനുഭവിക്കാൻ യോഗ്യരായിരിക്കുന്നവർക്ക് വേണം  നന്മ  ചെയ്യേണ്ടത്. സഹോദരങ്ങൾക്കു നന്മ ചെയ്യാം; മാതാപിതാക്കൾക്ക് നന്മ ചെയ്യാം; മറ്റു  കുടുംബാംഗങ്ങൾക്ക് നന്മ  ചെയ്യാം; നമുക്ക് ചുറ്റുമുള്ള ഏതൊരാൾക്കും (യോഗ്യരായ) നമുക്ക് നന്മ  ചെയ്യാം. നന്മ  ചെയ്യുന്നതിനുള്ള പ്രാപ്തി ദൈവം നമുക്ക്  നൽകിയിട്ടുണ്ടെങ്കിൽ, സന്തോഷത്തോടെ നന്മ ചെയ്യുവാൻ ദൈവം  നമ്മെ സഹായിക്കട്ടെ. 

~ എസ്സ്.റോബിൻസൻ

Monday, 13 May 2013

നിങ്ങൾ കാണാതെ പോയ ആ സ്നേഹത്തെക്കുറിച്ച്....

        
          സ്നേഹത്തിന്റെ ഉത്തമ മാതൃക ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തുത്തരം പറയും? 'താജ് മഹൽ ' എന്നോ? സുഹൃത്തേ, താങ്കൾ  'കാൽവരിയിലെ ക്രൂശ്' കാണുന്നില്ലേ??
                      നിങ്ങൾ  ഏകനാണെന്ന്  നിങ്ങൾ ചിന്തിക്കുന്നുവോ? ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് നിങ്ങൾ പറയുന്നുവോ? 'എന്നോട് ക്ഷമിക്കാൻ ആർക്കും കഴിയില്ല' എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളെ ആർക്കും ആവശ്യമില്ല എന്നത് നിങ്ങളെ ദു:ഖിപ്പിക്കുന്നുവോ? നിങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയാണോ?
                 ഒരു നിമിഷം............................ ആ  ക്രൂശിനെ ഒന്നു ഓർത്തുനോക്കൂ. വർഷങ്ങൾക്ക് മുൻപ് കാൽവരിയിൽ  ദൈവപുത്രൻ ക്രൂശിക്കപെട്ടു; താങ്കളെ സ്നേഹിച്ചതു കൊണ്ട്.......
 
                            തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെയില്ല. ബൈബിൾ പറയുന്നു, "നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല." (റോമർ :3:10) തെറ്റു  ചെയ്തവർ ശിക്ഷ അനുഭവിക്കെണ്ടതാണ്. "പാപത്തിന്റെ ശമ്പളം മരണമത്രെ"; അതാണ്‌ ദൈവത്തിന്റെ നീതി. എന്നാൽ ദൈവം നമ്മെ സ്നേഹിച്ചു. അതിനാൽ  ദൈവപുത്രനായ യേശു നമുക്ക് പകരമായി ശിക്ഷയേറ്റെടുത്തു. അങ്ങനെ, യേശു വേഷത്തിൽ മനുഷ്യനായി ഭൂമിയിൽ വന്നു. നാം ഓരോരുത്തരും  ചെയ്ത പാപങ്ങളുടെ ശിക്ഷയായി  താൻ കാൽവരിയിൽ രക്തം ചിന്തി മരിച്ചു. മൂന്നാം നാൾ മരണത്തെ തോല്പ്പിച്ചു കൊണ്ട് ഉയിർത്തെഴുന്നേറ്റു. യേശുവിലൂടെ സകല മാനവരാശിക്കും പാപക്ഷമ ലഭിച്ചു. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചതു കൊണ്ടാണ്‌ യേശുവിനെ ലോകത്തിനു നല്കിയത്.
       യേശു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിക്കയും അടക്കപെട്ടുയർത്തെഴുന്നേൽക്കുകയും ചെയ്തു കൊണ്ട് രക്ഷ  ഉറപ്പാക്കിയിരിക്കുന്നു. "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയില നല്കപ്പെട്ട വേറൊരു നാമവും ഇല്ല." (അപ്പോസ്തല പ്രവർത്തികൾ:4:12). തനിക്കു വേണ്ടി ഹൃദയവാതിൽ തുറക്കുന്ന സകലമനുഷ്യർക്കും ക്രിസ്തു ഇന്നും രക്ഷകനാണ്‌.
                  നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും   അവയെ   ക്ഷമിച്ചു   ഹിമം  പോലെ വെളുപ്പിക്കാമെന്ന് യേശു  വാഗ്ദത്തം ചെയ്തിരിക്കുന്നു. "യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു." (1.യോഹന്നാൻ:1:7)
                                  നിങ്ങൾ  യേശുവിനെ സ്വീകരിക്കുമെങ്കിൽ നിത്യജീവൻ  എന്ന അവകാശം  നിങ്ങൾക്കു ലഭിക്കും. രക്ഷ  സൗജന്യമാണ്, കാരണം, യേശു  നിങ്ങളെ സ്നേഹിക്കുന്നു. 
                                  
 
                                             താങ്കൾക്കും ഈ രക്ഷ ആവശ്യമെങ്കിൽ ഈ പ്രാർത്ഥനാ വാചകം വിശ്വാസത്തോടെ പ്രാർത്ഥിക്കുക: 
" യേശുവേ, ഞാൻ ഒരു പാപിയാണെന്ന് ഞാൻ സമ്മതിക്കുന്നു. അങ്ങ് എന്റെ പാപങ്ങൾ മോചിക്കുവാനായി ഈ ഭൂമിയിൽ വന്നു, ക്രൂശിതനായി മരിച്ചു, അടക്കപ്പെട്ടു, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ പാപങ്ങൾ ക്ഷമിക്കേണമേ. അങ്ങയെ ഞാൻ എന്റെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു. ഇന്നു മുതൽ അങ്ങയുടെ മകനായി / മകളായി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു എന്നെ സഹായിക്കേണമേ. അമേൻ .""               








കൂടുതൽ   വിവരങ്ങൾക്ക്:
Nanma Gospel Ministries
T.C.2/3239, Kulangara Lane,
Opp.Arch Bishop's House (Near LIC Pattom)
Pattom. P.O, Trivandrum 695004

Ph:8547698638

Email: write2nanma@gmail.com



 

Friday, 3 May 2013

നൻമ

                                      This is a new venture from the family of Nanma Gospel Ministries. 'Nanma,because He lives' is the official newsletter of NGM. From today onwards the articles from Nanma will be published here in this blog. Hope to have your support through out the journey...
                                                       Presenting,
                                                                  'NANMA' because He lives....