Tuesday, 28 May 2013

ദൈവീക കരുണ

                              നമ്മുടെ  ദൈവം മനസ്സളിവുള്ളവനും, കരുണാ സമ്പന്നനും,  കൃപ നിറഞ്ഞവനും, ദീർഘക്ഷമയും, ദയാസമൃദ്ധിയും  ഉള്ളവനും, വിശ്വസ്തനുമാണ്‌. എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവീകകരുണയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. ദൈവം എല്ലാവർക്കും നല്ലവനായിരിക്കുന്നു. അവന്റെ ദയ സകല സൃഷ്ടിയുടെ മേലുമുണ്ട്‌. എല്ലാവർക്കും മറുവിലയായി തന്റെ പ്രാണനെ നൽകുവാൻ ഭൂമിയിലേക്ക്‌ വന്ന യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ കരുണ പ്രദർശിപ്പിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തോടുള്ള തന്റെ സ്നേഹത്തിൽ നിന്നാണ് ദൈവത്തിന്റെ കരുണ പ്രസരിക്കുന്നത്. വേദപുസ്തകം പറയുന്നു, "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാൻ:3:16). താൻ സൃഷ്‌ടിച്ച ഓരോ വ്യക്തിയെയും ദൈവം സ്നേഹിക്കുന്നു.

                       ഓരോ  പാപിയെയും  അവന്റെ/ അവളുടെ പാപത്തെയും  തമ്മിൽ ദൈവത്തിന്റെ കരുണ വേർതിരിക്കുന്നു. ദൈവം പാപത്തെ വേറുക്കുന്നുവെങ്കിലും പാപിയെ സ്നേഹിക്കുന്നു. ആ വ്യക്തിയോടുള്ള തന്റെ ദയ  നിലനില്ക്കുകയും ചെയ്യുന്നു. ഒരിക്കൽ  യേശുവിന്റെ പ്രവർത്തിയെ പരീക്ഷിക്കേണ്ടതിന് , പരീശന്മാരും ശാസ്ത്രിമാരും ചേർന്ന് വ്യഭിചാരകുറ്റത്തിന് പിടിക്കപെട്ട ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ കൊണ്ട് വന്നു . എന്നാൽ യേശു അവളെ കുറ്റം വിധിക്കുന്നതിനു പകരം, "പോക, ഇനി പാപം ചെയ്യരുത്" എന്ന് അരുളിച്ചെയ്ത ശേഷം വിട്ടയച്ചു. ഒരുപക്ഷേ, അവൾ  തന്റെ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മാധുര്യമേറിയ വാക്കുകൾ അതായിരിക്കാം. യേശുവിന്റെ മഹാമനസ്കതയേയും കരുണയേയും ഈ സംഭവം വ്യക്തമാക്കുന്നു. നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു  പോയിട്ടില്ലല്ലോ.

                        കരുണാസമ്പന്നനായ ദൈവം  അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു. യഹോവയുടെ ദയ എന്നുമെന്നേക്കും തന്റെ ഭക്തന്മാരുടെ മേൽ ഉണ്ടാകും. ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. ദൈവം മനസ്സലിവുള്ളവനും കരുണാസമ്പന്നനുമാണെന്ന് ഇയ്യോബിന്റെ പുസ്തകം തെളിയിക്കുന്നു. യിരമ്യാവിന്റെ പുസ്തകത്തിൽ ദൈവം പിന്മാറ്റകാരായ യിസ്രായേല്യരോട്, "ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല " എന്ന്  അരുളിചെയ്തതായി  വേദപുസ്തകം പ്രസ്താവിക്കുന്നു. ദൈവം, തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. നിശ്ചയമായും, നന്മയും കരുണയും നമ്മുടെ ആയുഷ്കാലമൊക്കെയും നമ്മെ പിന്തുടരും. അതെ, നമ്മുടെ ദൈവം കാരുണ്യവാനും, ദയാനിധിയും, ദീർഘക്ഷമയുള്ളവനും, വിശുദ്ധനും, മനസ്സലിവുള്ളവനും, മഹാമനസ്കനും, സർവ്വവ്യാപിയും, സർവ്വശക്തനുമാണ്.

                                    എത്ര ശ്രേഷ്ഠനായ ദൈവത്തെയാണ് നാം സേവിക്കുന്നത്!



~ ഡോ.ഫ്ലോറൻസ് ഐസക്ക് 


 
പരിഭാഷ: വിജിത റോബിൻസൻ

No comments:

Post a Comment