Monday, 20 May 2013

നന്മ ചെയ്‌വാൻ ഉത്സാഹിപ്പിൻ


      വേദപുസ്തകം പറയുന്നു, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി  കൂടി വ്യാപരിക്കുന്നു എന്നു  നാം അറിയുന്നു." (റോമർ:8:23 ).
        'നന്മ' എന്ന വാക്കിനു നല്ല ഗുണം, പുണ്യം, മംഗളം, ക്ഷേമം, പ്രയോജനം എന്നീ  അർത്ഥങ്ങൾ  ഉണ്ട്. ദൈവം തൻറെ  മക്കൾക്ക്‌  നന്മയല്ലാതൊന്നും ചെയ്യുന്നില്ല. സങ്കീർത്തനങ്ങൾ:23 ന്റെ 6-ൽ  ദാവിദ് പറയുന്നു, "നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ  പിന്തുടരും". ദൈവവും അതാണാഗ്രഹിക്കുന്നത്. ദൈവം നമുക്ക് നന്മ ചെയ്യുമ്പോൾ നമുക്ക് ചുറ്റുമുള്ളവർക്ക് നാമും നന്മ ചെയ്യേണം.
      'നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന (പ്രീതി ) സമ്പാദിക്കുന്നു" (സദൃശ്യവാക്യങ്ങൾ:11:27) എന്ന് ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി നാം പ്രവർത്തിച്ചാൽ അവരിൽ നിന്നും പ്രീതി ലഭിക്കുന്നതിനു പുറമേ നമുക്ക് സംതൃപ്തിയും സമാധാനവും കൈവരിക്കുവാൻ സാധിക്കും. നാം മുഖാന്തിരം വേറൊരു വ്യക്തിക്കും എന്തെങ്കിലും പ്രയോജനമുണ്ടായാൽ അത് ദൈവനാമം മഹത്വപെടുന്നതിനു ഇടയാകും. അപ്പൊസ്തലനായ പൗലോസ്‌ തെസ്സലൊനീക്യർക്കു ലേഖനം എഴുതുമ്പോൾ അവിടെ പറഞ്ഞിരിക്കുന്നത്, "നിങ്ങളോ സഹോദരന്മാരേ നന്മ ചെയ്യുന്നതിൽ തളർന്നു പോകരുത് " (2.തെസ്സലൊനീക്യർ:3:13) എന്നത്രേ. നാം ഒരാൾക്ക് ഒരു നന്മ ചെയ്‌താൽ മതി, ഞാൻ ചെയ്തു കഴിഞ്ഞു, എന്ന വിചാരത്താൽ കഴിയരുത്‌ എന്ന് നമ്മെ ഓർമിപ്പിക്കുകയാണ് പൌലൊസിവിടെ. വീണ്ടും, താൻ ഗലാത്യർക്ക് എഴുതുമ്പോൾ അവിടെയും  പറഞ്ഞിരിക്കുന്നത്, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നു പോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. ആകയാൽ  അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ  ചെയ്ക." (ഗലാത്യർ:6:9,10 ). ഇവിടെ നാം കാണുന്നത് എല്ലാവർക്കും നന്മ ചെയ്യേണം എന്ന പ്രസ്താവനയാണ്; പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്ന കാര്യം 'സഹവിശ്വാസികൾക്ക് നന്മ  ചെയ്യേണം' എന്നതാണ്. നമ്മിൽ  പലരും വിചാരിക്കും ' സഹാവിശ്വാസികൾക്ക് നന്മ  ചെയ്യേണ്ട ആവശ്യമുണ്ടോ? അവർ പ്രാർത്ഥിച്ചു ദൈവത്തിൽ നിന്നു  വാങ്ങിയാൽ പോരേ?'. ഈ ചിന്ത  നമ്മിൽ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ടാണ് അപ്പോസ്തലൻ   പ്രത്യേകo  അത് അവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. 
               സദൃശ്യവാക്യങ്ങളിൽ നാം കാണുന്നു, "നന്മ ചെയ്വാൻ  നിനക്ക്  പ്രാപ്തിയുള്ളപ്പോൾ അതിനു യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്." (സദൃശ്യവാക്യങ്ങൾ:3:27 ). അതിൽ  നിന്നും മനസ്സിലാക്കാവുന്നത് നന്മ  അനുഭവിക്കാൻ യോഗ്യരായിരിക്കുന്നവർക്ക് വേണം  നന്മ  ചെയ്യേണ്ടത്. സഹോദരങ്ങൾക്കു നന്മ ചെയ്യാം; മാതാപിതാക്കൾക്ക് നന്മ ചെയ്യാം; മറ്റു  കുടുംബാംഗങ്ങൾക്ക് നന്മ  ചെയ്യാം; നമുക്ക് ചുറ്റുമുള്ള ഏതൊരാൾക്കും (യോഗ്യരായ) നമുക്ക് നന്മ  ചെയ്യാം. നന്മ  ചെയ്യുന്നതിനുള്ള പ്രാപ്തി ദൈവം നമുക്ക്  നൽകിയിട്ടുണ്ടെങ്കിൽ, സന്തോഷത്തോടെ നന്മ ചെയ്യുവാൻ ദൈവം  നമ്മെ സഹായിക്കട്ടെ. 

~ എസ്സ്.റോബിൻസൻ

No comments:

Post a Comment